03:47pm 30 June 2026
NEWS
സംസ്ഥാനത്ത് മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്
29/06/2026  07:31 AM IST
nila
സംസ്ഥാനത്ത് മഴ കനക്കും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ 1-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത.

ഇന്ന് (ജൂൺ 29) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 30-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് തുടരും.

ജൂലൈ 1-ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 2-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മഴ മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങൾക്കായി ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി പോസ്റ്റുകൾ തകരൽ തുടങ്ങിയ അപകടസാധ്യതകളും കണക്കിലെടുക്കണം.

മഴ ശക്തമായ സമയങ്ങളിൽ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കാഴ്ച കാണാനോ സെൽഫി എടുക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img